തീവണ്ടികൾ


റെയിൽവേ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് തീവണ്ടി മെല്ലെ വന്നു നിന്നു. S6 കമ്പാർട്ടുമെൻ്റിൽ തൻ്റെ 28ആം നമ്പർ സീറ്റ് കണ്ടുപിടിച്ചു ബാഗ് സീറ്റിനടിയിലേക്ക് തള്ളികയറ്റി ഞാനിരുന്നു. ജനാലക്കരികിൽ ഇരുന്നിരുന്ന ഒരു മധ്യവയസ്ക എൻ്റെ മുഖത്തേക്കൊന്നു പാളി നോക്കി, വീണ്ടും പുറത്തേക്ക് തന്നെ നോക്കിയിരുന്നു. അവർ കമ്മലും മേക്കാതുമൊക്കെ കുത്തിയിട്ടുണ്ട്. ജനലിനു പുറത്ത് അപ്പുറത്തെ പാളത്തിൽ മറ്റൊരു തീവണ്ടി കാത്തു കിടക്കുന്നു. കച്ചവടക്കാർ തീവണ്ടികൾ മാറി കയറിയിറങ്ങി തിരക്ക് പിടിച്ച് ഓടുന്നു. എൻ്റെ തീവണ്ടി മെല്ലെ നീങ്ങാൻ തുടങ്ങിയപ്പോഴേക്കും അവരെല്ലാവരും പുറത്തേക്ക് എടുത്ത് ചാടി അടുത്ത തീവണ്ടിക്ക് വേണ്ടി കാത്തുനിൽക്കാൻ തുടങ്ങി. എല്ലാ മനുഷ്യജന്മങ്ങളെയും പോലെ ഇവരും കാത്തിരിക്കുന്നു, അടുത്ത വണ്ടിക്ക് വേണ്ടി, പുതിയ ആളുകൾക്ക് വേണ്ടി, ദിവസവും ഒരേപോലെ തുടർന്ന് കൊണ്ടേയിരിക്കുന്നു. 

ഫോണെടുത്തു ഇൻസ്റ്റഗ്രാമും വാട്സാപ്പും വെറുതെ നോക്കി, കുറച്ചു റീലുകൾ കണ്ടു. പത്തു റീലുകളും പത്തു വിഷയങ്ങൾ - ഫുട്ബോൾ, സിനിമ, ഡാൻസ്,രാഷ്ട്രീയം, അങ്ങനെ നീണ്ടു പോകുന്നു. മടുത്തു ഫോൺ പോക്കറ്റിലിട്ടു എണീറ്റ് വാതിലിനടുത്തേക്ക് പോയി. അത്യാവശ്യം വൃത്തിയുള്ള കണ്ണാടിയും ടാപും , മുഖം നോക്കി, മുടി കൈ കൊണ്ട് ചീകി പുറത്തേക്ക് നോക്കി നിന്നു. പിന്നോട്ട് പായുന്ന മനുഷ്യർ, തീവണ്ടിയുടെ ഒപ്പമെത്താതെ തോറ്റുപോകുന്ന റോഡിലെ വാഹനങ്ങൾ, തുറിച്ചു നോക്കുന്ന കന്നുകാലികൾ. 

ചോദ്യചിഹ്നം പോലെ തീവണ്ടി വളഞ്ഞു പോകാൻ തുടങ്ങി. തൻ്റെ മുന്നിലിന്നു ചോദ്യങ്ങൾ മാത്രം, ഉത്തരങ്ങൾ ഇല്ലാത്തത്. തിരിഞ്ഞപ്പോൾ കണ്ണാടി വീണ്ടും തെളിഞ്ഞു കണ്ടു. കണ്ണാടികൾ. കുളിമുറിയിൽ, കടകളുടെ ചില്ലുച്ചുമരുകളിൽ, വാഹനങ്ങളിൽ, ഇതാ ഈ തീവണ്ടിയിലും. ഞാൻ വീണ്ടും നോക്കി. ജീവിതത്തെ വെറുക്കുന്ന , മരണത്തെ ഭയക്കുന്ന മനുഷ്യരെ കണ്ടു. കരയാൻ മറന്നുപോയവർ, സ്നേഹത്തെ ഭയക്കുന്നവർ, മുഖംമൂടികളിൽ ജീവിക്കുന്നവർ. ഞാനവരിൽ ഒരാൾ. മനുഷ്യർക്കെല്ലാവർക്കും മറച്ചുവെക്കാൻ പലതുമുണ്ട്. ഇല്ലെങ്കിൽ അയാൾ നുണ പറയുകയാണ്. ഓരോ കൂട്ടം ആളുകൾക്ക് മുന്നിലും അണിയാൻ വ്യത്യസ്ത മുഖം മൂടികൾ. ചില കഥകളിൽ നായകൻ, ഭൂരിഭാഗം കഥകളിലും വില്ലൻ. എല്ലാവർക്കും വേണ്ടി ഞാൻ നിസ്സഹായനായി ചിരിച്ചു. വിഷാദം കണ്ണുകളിൽ നിഴലിച്ചു. തീവണ്ടിയിൽ നിന്നും എടുത്ത് ചാടാൻ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. ഭയം. ചാടിയില്ല. 

ഒരായിരം തവണ ചിന്തിച്ചതാണ് മരണത്തെക്കുറിച്ച്, ആത്മഹത്യയെക്കുറിച്ച്. ഈ നിമിഷം വരെ അതിനുള്ള ധൈര്യം വന്നിട്ടില്ല. ആത്മഹത്യ ഒരിക്കലും ഒരൊറ്റ നിമിഷത്തെ തോന്നലിനു പുറത്തെടുക്കുന്ന തീരുമാനമല്ല. ഒരുപാട് നാളുകളിൽ ഞാൻ ആലോചിച്ചിട്ടുണ്ട് - ചായ കുടിക്കുമ്പോഴും കള്ള് കുടിക്കുമ്പോഴും, കമിഴ്‌ന്നും മറിഞ്ഞും കിടക്കുമ്പോഴും, ബസിൽ ഇരിക്കുമ്പോഴും ബൈക്ക് ഓടിക്കുമ്പോഴും , ഒട്ടനവധി തവണ. ഞരമ്പ് മുറിക്കണോ, കയറിൽ തൂങ്ങണോ, വണ്ടി ഇടിപ്പിക്കണോ, വിഷം കഴിക്കണോ, വേദനിച്ചു മരിക്കണോ വേദനയില്ലാതെ വേണോ എന്നെല്ലാം. ഇതുവരെ തീരുമാനിക്കാൻ സാധിച്ചിട്ടില്ല. ഓരോ തവണയും ഓരോ കാരണങ്ങൾ. മനസ്സ് ഒരിടത്തും ഉറച്ചുനിൽക്കാതെ കറങ്ങി വീഴുന്നു. സ്ഥായിയായ വിഷാദത്തിൽ എത്തിച്ചേരുന്നു. കണ്ണുകളടയുന്നു. 

കണ്ണ് തുറന്നപ്പോൾ തൊട്ടു മുകളിൽ സീലിംഗ് ഫാൻ. രണ്ടു വയറുകളിൽ തൂങ്ങി അതെൻ്റെ മൂക്കിനെ തൊട്ടുതൊടാതെ ഇരമ്പിക്കറങ്ങുന്നു, പരുപരുത്ത ശബ്ദം മുറിയിൽ നിറയുന്നു. ശ്വാസം മുട്ടിക്കുന്നു. ഞാൻ അനങ്ങാതെ കിടന്നു. രക്ഷപ്പെടാൻ മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. മരണം തൊട്ടുമുന്നിൽ എത്തുമ്പോൾ സ്വമേധയ മരിക്കാൻ പോയവനും ഭയന്നു പിന്മാറും. കഷ്ടപ്പെട്ടു ഇടയിലൂടെ നൂർന്നിറങ്ങി രക്ഷപ്പെട്ടതിൻ്റെ അത്ഭുതത്തിൽ നോക്കി നിൽക്കുമ്പോൾ ആരോ വഴിയിൽ നിന്നും മാറി നിൽക്കാൻ പറയുന്നത് കേട്ടു. പെട്ടെന്ന് കണ്ണു തുറന്നു നോക്കി, മുന്നിൽ കണ്ണാടി, പിന്നിൽ ഏതോ ഒരാൾ, ഞാൻ തീവണ്ടിയിൽ തന്നെ. അപ്പോൾ നേരത്തെ കണ്ടത്? സ്വപ്നം. അർഥങ്ങളില്ലാത്ത സ്വപ്നങ്ങൾ, ഒരുബന്ധവുമില്ലാത്ത ഒരു നൂറു ചെറു കഷണങ്ങൾ ആയി മുറിഞ്ഞു പോയ സ്വപ്നങ്ങൾ. അനവസരങ്ങളിൽ അവ മിന്നി മറയുന്നു. 

തീവണ്ടികൾ യഥാർഥത്തിൽ നിശ്ചിത സ്ഥലങ്ങളിലേക്ക്, അനേകം സ്ഥലങ്ങൾക്കിടയിലൂടെ, ചിലയിടത്ത് നിറുത്തിയും പലയിടത്തും നിറുത്താത്തെയും സഞ്ചരിക്കുന്ന സമാന്തര സമൂഹങ്ങളാണ്. ആയിരക്കണക്കിന് മനുഷ്യർ, അത്രയും കഥകൾ. ചിലത് എഴുതി തീർത്ത് അവർ പാളങ്ങളിൽ തല വെച്ച് ഉറങ്ങാൻ കിടന്നിരിക്കുന്നു. അവസാനിപ്പിക്കാനാതെ ഞാനെൻ്റെ കഥക്ക് ഒരന്ത്യം അന്വേഷിച്ചു എഴുതിക്കൊണ്ടിരിക്കുന്നു. വീണ്ടും സ്വപ്നങ്ങളിലേക്ക് വഴുതി വീഴുന്നു, ഞെട്ടിയെണീക്കുന്നു, തുടർന്നുകൊണ്ടേയിരിക്കുന്നു. 

Comments

Popular Posts