തീവണ്ടികൾ
റെയിൽവേ സ്റ്റേഷനിലെ അഞ്ചാം നമ്പർ പ്ലാറ്റ്ഫോമിലേക്ക് തീവണ്ടി മെല്ലെ വന്നു നിന്നു. S6 കമ്പാർട്ടുമെൻ്റിൽ തൻ്റെ 28ആം നമ്പർ സീറ്റ് കണ്ടുപിടിച്ചു ബാഗ് സീറ്റിനടിയിലേക്ക് തള്ളികയറ്റി ഞാനിരുന്നു. ജനാലക്കരികിൽ ഇരുന്നിരുന്ന ഒരു മധ്യവയസ്ക എൻ്റെ മുഖത്തേക്കൊന്നു പാളി നോക്കി, വീണ്ടും പുറത്തേക്ക് തന്നെ നോക്കിയിരുന്നു. അവർ കമ്മലും മേക്കാതുമൊക്കെ കുത്തിയിട്ടുണ്ട്. ജനലിനു പുറത്ത് അപ്പുറത്തെ പാളത്തിൽ മറ്റൊരു തീവണ്ടി കാത്തു കിടക്കുന്നു. കച്ചവടക്കാർ തീവണ്ടികൾ മാറി കയറിയിറങ്ങി തിരക്ക് പിടിച്ച് ഓടുന്നു. എൻ്റെ തീവണ്ടി മെല്ലെ നീങ്ങാൻ തുടങ്ങിയപ്പോഴേക്കും അവരെല്ലാവരും പുറത്തേക്ക് എടുത്ത് ചാടി അടുത്ത തീവണ്ടിക്ക് വേണ്ടി കാത്തുനിൽക്കാൻ തുടങ്ങി. എല്ലാ മനുഷ്യജന്മങ്ങളെയും പോലെ ഇവരും കാത്തിരിക്കുന്നു, അടുത്ത വണ്ടിക്ക് വേണ്ടി, പുതിയ ആളുകൾക്ക് വേണ്ടി, ദിവസവും ഒരേപോലെ തുടർന്ന് കൊണ്ടേയിരിക്കുന്നു. ഫോണെടുത്തു ഇൻസ്റ്റഗ്രാമും വാട്സാപ്പും വെറുതെ നോക്കി, കുറച്ചു റീലുകൾ കണ്ടു. പത്തു റീലുകളും പത്തു വിഷയങ്ങൾ - ഫുട്ബോൾ, സിനിമ, ഡാൻസ്,രാഷ്ട്രീയം, അങ്ങനെ നീണ്ടു പോകുന്നു. മടുത്തു ഫോൺ പോക്കറ്റിലിട്ടു എണീറ്റ് വാതിലിനടുത...