പക
രണ്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ സ്കൂൾ വിട്ടു അമ്മയോടൊപ്പം നടന്നു വരുമ്പോഴായിരുന്നു ഏറ്റവും പേടിച്ച അനുഭവം അയാൾക്കുണ്ടായത്. രണ്ടു പാമ്പുകൾ ഇടവഴിയിലെ വളവിൽ ഇണ പിരിഞ്ഞു കിടക്കുന്നു. ക്ഷണ നേരത്തെ ഭാഗ്യം കൊണ്ടാണ് ചവിട്ടാതെ ഓടി രക്ഷപ്പെട്ടത്. പിന്നീട് പാടത്തെ വരമ്പിലൂടെ ഓടിക്കളിക്കുമ്പോൾ ഒരു നെടുനീളൻ പാമ്പും അയാളും പേടിച്ച് ഒരേ ദിശയിലേക്ക് പാഞ്ഞു. ഒരമ്പത് മീറ്ററോളം ഒപ്പം പോയതിനു ശേഷമാണ് വഴിമാറി ഓടിയത്. അങ്ങനെ ചെറുപ്പത്തിൽ ഒരുപാട് ചെറുതും വലുതുമായ കണ്ടുമുട്ടലുകൾ. പാമ്പുകൾക്ക് ഭയങ്കര ഓർമ്മയാണെന്നും അവ പകവെച്ചു നമ്മളെ കൊത്താൻ കാത്തിരിക്കുമെന്നും പണ്ടയാളെ പറഞ്ഞു പേടിപ്പിച്ചിട്ടുണ്ട്. ആ പ്രായത്തിൽ അയാളത് വിശ്വസിക്കുകയും ചെയ്തു. അതിനു കാരണങ്ങളുമുണ്ട്. ഒരു സംഭവം പറയാം. വല്യച്ഛൻ്റെ മുതിർന്ന മകനോടൊപ്പം പാടത്ത് പശുവിന് പുല്ലരിയാൻ പോയപ്പോൾ സന്ധ്യാസമയത്ത് പുല്ലിനിടക്ക് ഒരു മൂർഖനെ കണ്ടു. അപ്പോൾ തന്നെ വരമ്പത്ത് ഉണ്ടായിരുന്ന ഒരു നീളൻ കുറ്റിയെടുത്ത് തല്ലിക്കൊന്നു കുഴിച്ചിട്ടു. എന്നാൽ പിറ്റെ ദിവസം അതേ സ്ഥലത്ത് ഏകദേശം അതേ സമയത്ത് പത്തി വിടർത്തി മറ്റൊരു മൂർഖൻ. വീട്ടിൽ വന്നു പറഞ്ഞപ്പോൾ അപ്പാപ്പനാണ് അത് കഴിഞ്ഞ ദിവസം തല്ലിക്കൊന്ന പാമ്പിൻ്റെ പക വീട്ടാൻ വന്ന വേറെയൊന്നാണ് എന്ന് പറഞ്ഞു പേടിപ്പിച്ചത്. അന്നത്തെ കഥ കേട്ട് നിന്ന നാലാം ക്ലാസ്സുകാരനിന്നു നാല്പതു വയസ്സ്. മനുഷ്യർക്കാണ് പാമ്പിനെക്കാൾ പകയും ഓർമ്മകളുമെന്നു അനുഭവങ്ങളയാളെ ഇന്ന് പഠിപ്പിച്ചിരിക്കുന്നു.
ഭൂതകാലത്തിൻ്റെ കാല്പനികമായ ഓർമ്മകളെ അയാള് കൃത്രിമമായി സൃഷ്ടിക്കാൻ ശ്രമിച്ചുകൊണ്ടിരുന്നിരുന്നു. യൗവ്വനത്തിൻ്റെ തുടക്കത്തിൽ അന്യനാട്ടിലേക്ക്, പട്ടണങ്ങളിലേക്ക് , പലായനം ചെയ്തൊരാൾ അവിടത്തെ ഉറക്കം തൂങ്ങി സംഭാഷണങ്ങൾക്കിടയിലേക്ക് ഗൃഹാതുരത്വം കുത്തികയറ്റുന്നത് സ്വഭാവികമാണ്. എല്ലാ മുന്തിയ സൗകര്യങ്ങളോടും കൂടി വളർന്നു വലുതായ നഗരങ്ങളിലെ പൊങ്ങച്ചക്കാർക്ക് ഗ്രാമങ്ങൾ പച്ചപ്പും ഹരിതാഭയും നിറഞ്ഞ, ഭൂമിയിലെ സ്വർഗമാകുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങാളാണ്. റിട്ടയർമെൻ്റ് ജീവിതം ഏതെങ്കിലും ഗ്രാമത്തിൽ ജീവിച്ചു തീർക്കണമെന്ന് അവർ ഓരോ ഇടവേളകളിലും പറഞ്ഞുകൊണ്ടിരിക്കും, അനാവശ്യമായി. അവരുടെ ഇടയിൽ പിടിച്ചു നിൽക്കാനായി ഗതകാലസ്മരണകൾ എരിവും പുളിയും ചേർത്ത് അയാളും പറഞ്ഞു തീർക്കും, അക്കാലത്തെ കുറിച്ച് വാതോരാതെ പ്രശംസിക്കും. ക്ഷയിച്ച ഇല്ലങ്ങളെക്കുറിച്ചും തകർന്ന തറവാടുകളെകുറിച്ചുമൊക്കെ എഴുതി തീർത്ത പ്രമുഖ എഴുത്തുകാരെ അദ്ദേഹമപ്പോൾ സ്മരിച്ചു, ഉള്ളിൽ ചിരിച്ചു. തൻ്റെ അനുഭവങ്ങൾ അവർക്കില്ലല്ലോ. മണ്ണ് കട്ട കൊണ്ട് കെട്ടിയുണ്ടാക്കിയ ഒറ്റമുറിയും ചേർന്നുള്ള അടുക്കളയും കവുങ്ങ് പാളികൾക്ക് മുകളിൽ വലിച്ചു കെട്ടിയ തെങ്ങിൻ പട്ട കൊണ്ട് ഉണ്ടാക്കിയ വീടെന്ന സങ്കൽപ്പത്തിൽ ജീവിച്ചവർക്ക് ഉള്ളിൽ ഗ്രാമങ്ങളെ വെറുപ്പാണ്, പുറത്ത് കാണിക്കുന്നില്ലെന്നെയുള്ളൂ.
അയാള് പത്രമെടുത്ത് തിരിച്ചു നടന്നു. പിള്ളക്കോലായിലേക്ക് കയറിയിരുന്നു. അന്നത്തെ ഒറ്റമുറി ഇപ്പോൾ രണ്ടു മുറികളായി, കോലായും ഹാളുമൊക്കെ കൂട്ടിച്ചേർത്തു, ഓട് മേഞ്ഞു, ചുമർ സിമൻ്റ് തേച്ചു പെയിൻ്റടിച്ചു, അടർന്നു വീഴാറായിട്ടുണ്ട് പക്ഷെ. കലണ്ടർ മാറിക്കൊണ്ടിരുന്നപ്പോൾ ഇവിടെ ബാക്കിയായവർ കൂട്ടിച്ചേർത്ത പരിഷ്കാരങ്ങൾ.
ഇത്രയും കാലത്തിനു ശേഷം എന്തിന് തിരിച്ചു വന്നു. അയാൾക്കറിയില്ല. ബാംഗ്ലൂരിൽ നിന്നും കാറിൽ ഒറ്റക്ക് പുറപ്പെട്ടത് മുതൽ സ്വയം ചോദിക്കുന്ന ചോദ്യമാണിത്. തലമുറകൾ അയാളെ തിരിച്ചു വിളിച്ചതാണോ, അതോ ഗൃഹാതുരത്വം തികട്ടി വന്നപ്പോൾ തുപ്പി കളയാനായി അതിൻ്റെ ഉറവിടത്തിലേക്ക് തന്നെ വന്നതോ.
ബാംഗ്ലൂരിൽ, പന്ത്രണ്ടാം നിലയിലെ ഫ്ലാറ്റിൽ ഭാര്യയുടെയൊപ്പം ചായ കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഇങ്ങനെയൊരു ചിന്ത വരുന്നത്. ഭാര്യ ഒരു ഡൽഹിക്കാരി. കഴുത്തറ്റം മുടി വെട്ടിയവൾ, വട്ടക്കണ്ണുകൾ. കല്ലുകളുള്ള മൂക്കുത്തി അവൾക്കെപ്പോഴും ചന്തം കൂട്ടി. കമ്പനിയിൽ വെച്ചാണ് ആദ്യം പരിചയപ്പെടുന്നത്. ഒരുമിച്ചു ഒരുപാട് യാത്രകൾ ചെയ്തു, അടുത്തറിഞ്ഞു. ഒടുവിലിത് പ്രണയം തന്നെയാണെന്ന് തീർച്ചപ്പെടുത്തി. ഒരിക്കൽ ഡൽഹിയിലേക്ക് അവളെ കാണാൻ പോയി. കോനോട്ട് പാലസിൻ്റെ ചുറ്റിലുള്ള് ഒരു സിമൻ്റ് ബെഞ്ചിലിരുന്നു പ്രണയം തുറന്നു പറഞ്ഞു. എന്തേ പറയാനിത്ര വൈകി എന്ന് മാത്രമേ അവള് ചോദിച്ചുള്ളൂ. അവളുടെ വീട്ടുകാർ എതിർത്തു, കൂടെ കൂട്ടികൊണ്ടുപോന്നു. നന്നായി ചിത്രം വരക്കും, ഫ്‌ളാറ്റിനുള്ളിൽ ഒരു ചെറിയ ആർട്ട് ഗാലറി തന്നെയുണ്ട്. പ്രണയത്തിൻ്റെ ആദ്യ ദിവസങ്ങളിൽ അവള് വരച്ചുകൊടുത്ത അയാളുടെ ഒരു ചെറിയ ചിത്രം ഇപ്പോഴും പേഴ്സിൽ അയാള് സൂക്ഷിച്ചു വെച്ചിട്ടുണ്ട്, പ്രേമതീക്ഷ്ണമായ യൗവ്വനത്തിൻ്റെ ഓർമ്മഫലകമായി. ഇന്നും അവർ പ്രണയിക്കുന്നു- നോട്ടങ്ങളിൽ, ശാസനകളിൽ, സംസാരങ്ങളിൽ. ചില ദിവസങ്ങളിൽ തീവ്രമായി പ്രണയിക്കും. അന്ന് രാത്രി ബാൽക്കണിയിൽ മെഴുകുതിരി കത്തിച്ചു നിലത്തിരിക്കും. രണ്ടു ചില്ല്ഗ്ലാസുകളിൽ വിസ്കി നിറയും , ചേർന്നിരുന്നു പതിയെ നുണയും. ഡൺഹിൽ സിഗരറ്റ് ഒന്ന് കത്തിക്കും, പരസ്പരം മാറി ചുണ്ടുകളിൽ ചേർത്തുവെച്ച് വലിക്കും, പുക പോകുന്നത് നോക്കി ചിരിക്കും. വിസ്കി മെല്ലെ ബോധത്തിനെ കീഴ്പ്പെടുത്തും വരെ ആ ബാൽക്കണിയിൽ ഇരുന്നു അവർ സംസാരിക്കും. ജീവിച്ചു മരിച്ച അനേകായിരം മനുഷ്യരെക്കുറിച്ച്, തങ്ങൾക്ക് ജനിക്കാത്ത കുഞ്ഞിനെക്കുറിച്ച്, യുദ്ധങ്ങളെക്കുറിച്ച്, ഭരണകൂടത്തെക്കുറിച്ച്, ഫ്രോയ്ഡ്‌നേക്കുറിച്ച്, കാൾ സാഗനെക്കുറിച്ച്, അതിരുകളില്ലാത്ത ലോകത്തെക്കുറിച്ച്. കഴിഞ്ഞ ശനിയാഴ്ച രാത്രി ബാൽക്കണിയിൽ അവളുടെ മടിയിൽ ആകാശം നോക്കി കിടക്കുകയായിരുന്നു. കഷണ്ടി കയറി തുടങ്ങിയ നെറ്റിയിൽ തണുത്ത വിരലുകളോടിച്ചു അവളും പറഞ്ഞു തോന്നലുകൾ ബാക്കി വെക്കരുതെന്നും നാട്ടിൽ പോയി വരാനും. ഒരു പെഗ് കൂടി അളന്നൊഴിച്ചു.
ഒരുപാട് തോന്നലുകളുടെ ആകെ തുകയാണല്ലോ ഇന്നീ കാണുന്ന ജീവിതം. മനുഷ്യനൊരുപാട് ജന്മങ്ങൾ ഉണ്ടായിരുന്നെങ്കിൽ എന്നൊരിക്കൽ തോന്നിയിട്ടുണ്ടയാൾക്ക്. സുഖിക്കാൻ, ദുഃഖിക്കാൻ, സന്തോഷിക്കാൻ, വെവ്വേറെ ജന്മങ്ങൾ. ഒരു ജന്മം കൊണ്ട് ഇതെല്ലാം കൂടെ ചെയ്തു തീർക്കുന്നതിലെ മൗഢ്യമോർത്ത് സ്വയം സഹതപിച്ചു. പത്രം തുറന്നു, വാർത്തകൾക്കൊക്കെ ആവർത്തനവിരസത. മടക്കി പിടിക്കുമ്പോൾ പൂച്ച കരഞ്ഞു കൊണ്ട് നടന്നു വന്നു. നടവഴിയിലൂടെ പാമ്പ് പതിയെ ഇഴഞ്ഞു പോകുന്നതും കണ്ടു. കാലിനടിയിൽ തലയുരുമ്മി പൂച്ച അതിൻ്റെ സ്നേഹം കാണിച്ചു. പാമ്പിനെ കണ്ടത് ഒരു നിമിത്തമാണെന്നു തോന്നുന്നു. സുഹൃത്ത്സദസ്സുകളിൽ ഗൃഹാതുരത്വയെക്കുറിച്ച് ഘനഗംഭീര പ്രസംഗങ്ങൾ നടത്തുന്ന രാത്രികളിൽ അവയെ സ്വപ്നം കാണാറുണ്ട്. കാലിനടിയിലൂടെ പായുന്ന കറുത്തൊരു പാമ്പിനെ തട്ടി അയാള് മറിഞ്ഞ് വീഴുന്ന സ്വപ്നം. ചെറുപ്പത്തിൽ തന്നെ കാവിൽ ആയില്യം നാളിൽ ഒട്ടേറെ വഴിപാടുകൾ നേർന്നിട്ടും അവ വിട്ടുപോയിട്ടില്ല. വെളിച്ചപ്പാടിനെക്കൊണ്ട് ചരട് കെട്ടിച്ചിട്ടും ആശാനെകൊണ്ട് എണ്ണയൂതിച്ചു തലയിൽ തേച്ചിട്ടുമൊന്നും ഒരു ഫലവുമില്ല. ലോകത്തെവിടെയൊക്കെ പോയിട്ടും ഇവിടേക്ക് തന്നെ അയാളെ തിരിച്ചു വിളിക്കുന്നത് ഈ ഉരഗങ്ങൾ തന്നെ. പണ്ട് തല്ലിക്കൊന്ന ഏതോ മൂർഖൻ്റെ വംശപരമ്പര പകതീർക്കാൻ കാത്തുനിൽക്കുന്നത് പോലെ. മിത്തുകളുടെയും അന്ധവിശ്വാസങ്ങളുടെയും മായികലോകത്തിലേക്ക്, ഗ്രാമത്തിൻ്റെ തനത് സ്വഭാവത്തിലേക്ക് താൻ പിന്നെയും വഴുതി വീഴുന്നത് അയാളറിഞ്ഞു. ഇത്രയും കാലം നാസ്തികനായി വിലസിയ തൻ്റെ വിശ്വാസത്തിൽ വീഴുന്ന വിള്ളലുകൾ തെളിഞ്ഞു വന്നു.
പെട്ടെന്ന് വീടിനുള്ളിൽ നിന്നും പുറത്തേക്ക് വന്ന വല്യമ്മ നെഞ്ചത്ത് കൈവെച്ച് കുറച്ചുറക്കെ പറഞ്ഞു, "അയ്യോ പൂച്ച". കാലിനടിയിൽ ചോര ഛർദ്ദിച്ചു അനക്കമറ്റ് കിടക്കുന്ന കട്ടിവാലുള്ള പൂച്ച. വിഷം തീണ്ടി ചത്തത്. പാമ്പ് കൊത്തി കൊന്നത്. പാമ്പിൻ്റെ പക മിത്തല്ല, മുന്നിൽ കിടക്കുന്നത് തനിക്കുള്ള മുന്നറിയിപ്പ്. പണ്ട് പുറ്റുകൾ തല്ലിതകർത്തതിന്, തല്ലി കൊന്നതിന്, ചരലെറിഞ്ഞു വേദനിപ്പിച്ചു വിട്ടതിനു, എല്ലാത്തിനും പകരം ചോദിക്കാൻ പരമ്പരകളായി വീര്യം കെടാതെ കാത്തുവെച്ച പകയുമായി ഈ ഇഴജന്തുക്കൾ കാത്തിരിക്കുന്നു. പാലൂട്ടും വഴിപാടുമൊന്നും ഇനി രക്ഷിക്കില്ല, മരണം ആസന്നമായിരിക്കുന്നു. പാമ്പിൻ്റെ പക മിത്തല്ല.
Comments
Post a Comment