പനിച്ചൂര്

നിച്ചു വിയർക്കുമ്പോൾ വെളിച്ചപ്പാട് വൈദ്യരേട്ടനെയെനിക്ക് ഓർമ്മ വരും. നെറ്റിയിലെ വിയർപ്പും നെറുംതലയിലെ ചോരയും കൂടിക്കുഴഞ്ഞു മുഖത്ത് മുഴുവൻ ഒഴുകിപരക്കുന്നത് ഞാൻ ഒട്ടേറെ തവണ നോക്കിനിന്നിട്ടുണ്ട്. ഭഗവതി കാവിൻ്റെ മുറ്റത്ത് ദേവ്യേ എന്ന് ആർത്ത് വിളിച്ചു നീണ്ട മുടിയുടെ അറ്റം ഇടത്തേകൈക്കൊണ്ട് വലിച്ചുപിടിച്ച് വലത്തേക്കൈയിൽ വാളും കുലുക്കിപ്പിടിച്ചുകൊണ്ട് അങ്ങോട്ടുമിങ്ങോട്ടുമോടുന്നത് എല്ലാ പനിയുറക്കത്തിലും ഞാൻ സ്വപ്നം കാണും. 

ഈ കാവിൽ എല്ലാവർക്കും കയറാൻ അനുവാദം ലഭിച്ചിട്ട് അധികാലമൊന്നും ആയിട്ടില്ല. കാവിൻ്റെ മുറ്റത്തിനപ്പുറത്തെ നടവഴിയിൽനിന്നും എന്നും രാവിലെ പ്രാർത്ഥിച്ചു പണിക്കുപോയിരുന്ന കഥ അപ്പാപ്പൻ പറഞ്ഞുതന്നിട്ടുണ്ട്. കഴിഞ്ഞ ജനുവരിയിൽ തൊണ്ണൂറാം വയസ്സിൽ മരിക്കുന്നതിന് മുൻപ് ഒരു തൊള്ളായിരം കഥയെങ്കിലും അപ്പാപ്പൻ പറഞ്ഞു തന്നിട്ടുണ്ട്. ദാരിദ്ര്യവും, അധികാരിയുടെ പറമ്പിൽ പണിക്ക് പോയിരുന്നതും , അയാളെ പല്ലക്കിൽ ആശുപത്രിയിലേക്ക് ചുമന്നു കൊണ്ടുപോയിരുന്നതും, പോത്തിൻ്റെയൊപ്പം നീന്തി അവറ്റകളെ പുഴ കടത്തി കൊണ്ടുപോയതുമൊക്കെയാണ് അധികവും. ഒറ്റ തോർത്തുടുത്ത് ഒരു നേരത്തെ കഞ്ഞിക്ക് വേണ്ടി ജന്മിയുടെ മുന്നിൽ കുമ്പിട്ട് ജീവിതത്തിൻ്റെ നല്ലൊരു പങ്കും തീർത്ത മനുഷ്യൻ്റെയടുത്തു നിന്നും ഇല്ലത്തെ സമൃദ്ധിയും കോലോത്തെ ആർഭാടങ്ങളുമൊന്നും പ്രതീക്ഷിക്കാനാവില്ലല്ലോ. മുക്കട്ടയിലെ സർക്കാർ സ്കൂളിൻ്റെ ചുമർ പണിക്ക് പോയപ്പോൾ അപ്പുറത്തു ക്ലാസ്സിൽ അദ്ധ്യാപകൻ പഠിപ്പിക്കുന്നത് കേട്ട് പത്ത് വരെ എണ്ണാൻ പഠിച്ച കഥ പറയുമ്പോൾ എല്ലാവിധ സൗകര്യങ്ങളോടും കൂടെ സിബിഎസ്ഇ സ്കൂളിൽ പഠിക്കുന്ന എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നിയിട്ടുണ്ട്. 

അപ്പാപ്പൻ്റെയൊപ്പമാണ് ഞാൻ കാവിലെ വെളിച്ചപ്പാടിനെയും ആദ്യമായിട്ട് കാണുന്നത്. വാൾ കൊണ്ട് തലയിൽ വെട്ടി ചോരയൊലിക്കുന്ന മുഖവുമായി നിൽക്കുന്ന കറുപ്പും വെളുപ്പും മുടി ഇടകലർന്ന, അത്യാവശ്യം പൊക്കമുള്ള വെളിച്ചപ്പാട് വൈദ്യരേട്ടൻ. പണ്ടെപ്പോഴോ കാവിൽ വന്ന് പ്രാർത്ഥിക്കുമ്പോൾ ഭഗവതി കയറി അയാൾ വെളിച്ചപ്പാടായ കഥ തിരിച്ചു വരുമ്പോഴാണ് ഞാൻ അറിയുന്നത്. പിന്നീട് ഈ ചുവപ്പുടുക്കുന്ന ദേവിയുടെ വിറക്കുന്ന പ്രതിപുരുഷനെ എവിടെവെച്ച് കാണുമ്പോഴും അതുപോലെയാകാൻ ഞാനാഗ്രഹിക്കും- ഭഗവതി കയറാൻ, ഏതോ മാനസികാവസ്ഥയിൽ ഉന്മാദിച്ച് നടക്കാൻ, വാൾ കൊണ്ട് വെട്ടി ചോരയൊലിപ്പിക്കാൻ, ദേവ്യെ ന്ന് അലമുറയിടാൻ. ദൈവവിശ്വാസമില്ലാത്ത എനിക്ക് പക്ഷേ വെളിച്ചപ്പാടിനോട് ഭ്രമമാണ്, ഭ്രാന്താണ്, അസൂയയാണ്. 

എൻ്റെ കഥയിൽ മുത്തശ്ശനും മുത്തശ്ശിയുമില്ല, അപ്പാപ്പനും അപ്പമ്മയുമൊക്കെയാണ്. മുത്തശ്ശൻ എന്നൊക്കെ വിളിച്ചു കേട്ടിട്ടുള്ളത് പാടത്ത് ക്രിക്കറ്റ് കളിക്കാൻ വരുമ്പോൾ, കടയിൽ നിന്നും വാങ്ങിയ പുതിയ സ്റ്റിക്കർ ഉള്ള ബാറ്റ് ഒക്കെ കൊണ്ടുവരുന്നവരാണ്. ഞങ്ങളുടെയടുത്ത് തെങ്ങിൻ്റെ പട്ട വെട്ടിയുണ്ടാക്കിയ എം ആർ എഫും. അവരുടെ മുത്തശ്ശിമാർ നല്ല വൃത്തിയുള്ള സാരികൾ വീട്ടിൽ ഉടുക്കുമ്പോൾ എൻ്റെ അപ്പമ്മ രണ്ടു ഇരു നിറത്തിലുള്ള ബ്ലൗസും പുള്ളികളുള്ള മുഷിഞ്ഞ ലുങ്കിയുമായിരുന്നു മാറി മാറി ഉടുത്തിരുന്നത്. 

എന്നാല് ഇവരെല്ലാവരും വൈദ്യരേട്ടൻ വെളിച്ചപ്പാടായി വരുമ്പോൾ കുമ്പിട്ട്, വാളിൽ തൊട്ട്, തൊഴുത് പ്രാർഥിക്കുമായിരുന്നു. അവിടെ എല്ലാവരും വെളിച്ചപ്പാടിന് താഴെയായിരുന്നു, എൻ്റെ അപ്പാപ്പനും അപ്പുറത്തെ മുത്തശ്ശനുമെല്ലാം. വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി എല്ലാവരുടെയും മുകളിലെത്തി, എനിക്കിത് കണ്ട് രോമാഞ്ചം വന്നു. അങ്ങനെ ഞാനും വെളിച്ചപ്പാടാവൻ കൊതിച്ചു, ദൈവവിശ്വാസമില്ലാത്ത വെളിച്ചപ്പാട്. 

വലുതായപ്പോഴേക്കും പട്ടണങ്ങളുടെയും കൂട്ടുകാരുടെയും തിരക്കുകളിലേക്ക് ഞാൻ മാറിപോയിരുന്നു. ഒട്ടേറെ പുതിയ മുഖങ്ങൾ, പുതിയ ശീലങ്ങൾ, ദുശ്ശീലങ്ങൾ. ബാല്യത്തിലെ ഒരൊറ്റ പരിചിത സാഹചര്യം പോലുമില്ലാത്ത യൗവനം, രാത്രികളിലെ അലച്ചിലും കുണ്ടിലാണ്ടുപോയ കണ്ണുകളും. വീട്ടുകാരിൽ നിന്നും വിട്ടുനിൽക്കുമ്പോൾ കിട്ടുന്ന സ്വാതന്ത്ര്യം പരമാവധി ആസ്വദിക്കുന്ന യുവാവായി ഞാനും മാറി. തീവ്രമായ ചിന്തകൾക്കൊന്നും സമയമുണ്ടായിരുന്നില്ല. സമരങ്ങളും പരീക്ഷകളും പ്രേമങ്ങളും മദ്യപാനവും യാത്രകളുമെല്ലാം ഇടതടവില്ലാതെ വന്നുപോയ്ക്കൊണ്ടേയിരുന്നു. അപ്പാപ്പൻ്റെ കൈപിടിച്ച് ഉത്സവത്തിന് പോയിരുന്ന കുട്ടിയിൽ നിന്നും നിസ്സാരകാരണങ്ങൾക്ക് വഴക്കിടുന്ന, ആലോചനകളില്ലാതെ കുഴപ്പങ്ങളിൽ ചെന്നുചാടുന്ന, ഒരേസമയം ആളുകൾക്ക് വെറുക്കപ്പെട്ടവനും സ്വീകാര്യനുമായ ഒരാളായി മാറി. സ്വപ്നങ്ങളില്ലാത്ത ഒരുത്തനെന്ന് കാമുകി കുറ്റപ്പെടുത്തി, അകന്നുപോയി. നിനക്ക് ഞങ്ങളുണ്ടെന്ന് കൂട്ടുകാർ ഓർമ്മപ്പെടുത്തി, കെട്ടിപ്പിടിച്ചു. വീട്ടിൽ നിന്നുമുള്ള പൈസ കൊണ്ട് ജീവിച്ചു , അങ്ങോട്ട് പോകാതെയായി. വീടും നാടുമായിട്ടുള്ള ബന്ധങ്ങളെല്ലാം ഇടക്കെപ്പോഴെങ്കിലുമുള്ള ഫോൺ വിളികളിൽ ഒതുങ്ങി. 

എഞ്ചിനീയറിംഗിനു മൂന്നാം വർഷം കോളജിൽ പഠിക്കുന്ന സമയത്ത് അമ്മ വിളിച്ചു പറഞ്ഞു വൈദ്യരേട്ടൻ മരിച്ചുപോയെന്നു. ദിവസവും രാവിലെ ഭഗവതിയെ പ്രാർത്ഥിച്ചു രാത്രി കള്ളുഷാപ്പിലെ പനങ്കള്ള് നേദ്യമായി സേവിക്കുന്ന പാടത്തെ പണിക്കാരനെ ഒരു വെളിച്ചപ്പാടാണെന്ന ഒരു പരിഗണനയും ഇല്ലാതെ ആണ്, അപ്പമ്മ അടക്കത്തിൽ പറയുന്ന "വയ്യാത്ത സൂക്കേട് " കൊണ്ടുപോയത്. അമ്മ പറഞ്ഞു കാൻസർ ആയിരുന്നുവെന്ന്. അപ്പോഴേക്കും എൻ്റെയുള്ളിലെ വെളിച്ചപ്പാട് ഒതുങ്ങിയിരുന്നു. വർഷത്തിലൊരിക്കൽ നടക്കുന്ന കാവിലെ ഉത്സവം പോലെ എല്ലാ കൊല്ലവും മൂന്ന് ദിവസം നീളുന്ന പനി എനിക്ക് വരാറുണ്ട്. അപ്പോഴൊക്കെ വെളിച്ചപ്പാടും വരും. രണ്ടാം നാൾ മയങ്ങി കിടക്കുന്ന ഞാൻ വിയർത്തുകുളിക്കും, വെളിച്ചപ്പാട് തലയ്ക്കുള്ളിൽ ഉറഞ്ഞുതുള്ളും. എല്ലാവരും ഈ വാളിന് മുന്നിൽ തൊഴുത് നിൽക്കും. വെളിച്ചപ്പാട് കൽപ്പിക്കും " ദേവ്യേ.. ഈ കുഞ്ഞുങ്ങൾക്കെല്ലാർക്കും നല്ലത് വരും " . വാൾ മുകളിലേക്കുയർത്തി പിടിക്കും, ആഞ്ഞുവെട്ടും. മൂന്നാം നാൾ പനി കുറയാൻ തുടങ്ങും. ശാന്തി കിട്ടിയ വെളിച്ചപ്പാട് അടുത്ത കൊല്ലം വരെ വീണ്ടും കാത്തിരിക്കും. 

Comments

Post a Comment

Popular Posts