ഇയ്യാമ്പാറ്റ
ഒരുതവണ പറഞ്ഞതിൻ്റെ തുടർച്ചയാണ്.
മറുപടികത്തുകൾക്ക് കാത്തു നിൽക്കരുതെന്നും അങ്ങനെ ചെയ്യുന്നവരൊക്കെ വിഡ്ഢികളാണെന്നും. മറ്റൊരാളിൽ നിന്നും ഒന്നും പ്രതീക്ഷിക്കരുതെന്നും സ്വന്തം സന്തോഷം വേറെയൊരാളെയും ബന്ധപ്പെടുത്തിക്കൊണ്ടാകരുതെന്നും. മെസ്സേജുകളുടെയും റീലുകളുടെയും കൂമ്പാരങ്ങളിൽ ഒരാളെ മാത്രം നോക്കിയിരിക്കരുതെന്നും ശൂന്യത കണ്ട് സങ്കടപ്പെടരുതെന്നും.
മനുഷ്യർക്ക് അവനവൻ മാത്രമേ ഉള്ളൂവെന്നും ബാക്കിയെല്ലാവരും ഇടക്കുവന്നെത്തിനോക്കി പോകുന്ന ഇയ്യാമ്പാറ്റകൾ ആണെന്നും.
തിരിച്ചറിവുകൾ ഉണ്ടാകണമെന്നും ഇല്ലാത്തവർ നരകിച്ചു ചാവുമെന്നും. വേദന തിന്നു മരിക്കാൻ സൗകര്യമില്ലെന്നും നമ്മുടെ ജീവിതം എഴുതാൻ വേറെ ആർക്കും കരാർ കൊടുത്തിട്ടില്ലെന്നും. എഴുതി തുലഞ്ഞു പോയാലും അതും സന്തോഷത്തോടെ ഒറ്റക്ക് ചെയ്യുമെന്നും. എനിക്ക് ഞാനും നിനക്ക് നീയും മാത്രമേ ഉള്ളൂവെന്നും മറുത്ത് പറയുന്നവരുടെയൊക്കെ വായിൽ ഇയ്യാമ്പാറ്റകൾ ഇരച്ചു കയറുമെന്നും.
Comments
Post a Comment